ഒറ്റപ്പരീക്ഷ ജയിച്ചുള്ള സര്‍ക്കാര്‍ ജോലി അവസാനിക്കുന്നു
like our page
ഗൈഡുകളില്‍ കാണുന്ന ഒറ്റവാക്കിലുത്തരം കാണാപ്പാഠം പഠിച്ച് പി.എസ്.സി. പരീക്ഷയെ നേരിടാനൊരുങ്ങുന്നത് ഇനി നല്ല ബുദ്ധിയാവില്ല. സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലിക്ക് പറ്റുന്നവര്‍തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ കേരളാ പി.എസ്.സി. അരയുംതലയും മുറുക്കി ഇറങ്ങുകയാണ്. ഇതുവരെ പിന്തുടര്‍ന്ന പരീക്ഷാ രീതികളില്‍ 2018ഓടെ അടിമുടി മാറ്റം വരുത്താനാണ് പി.എസ്.സി. യുടെ തീരുമാനം. ഒറ്റപ്പരീക്ഷ ജയിച്ചാല്‍ സര്‍ക്കാര്‍ സര്‍വീസിലെത്തുന്ന കാലം അവസാനിക്കുകയാണ്.
പരിഷ്‌കാരങ്ങളെന്തെല്ലാം?
ലാസ്റ്റ് ഗ്രേഡ് മുതല്‍ പുതുതായി നിലവില്‍വരുന്ന കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വരെയുള്ള, വന്‍തോതില്‍ അപേക്ഷകരുള്ള തസ്തികകള്‍ക്കെല്ലാം ഇനി രണ്ടുഘട്ട പരീക്ഷയുണ്ടാവും. ആവശ്യമെങ്കില്‍ അഭിമുഖവും നടത്തും. ബിരുദം യോഗ്യതയായ തസ്തികകള്‍ക്കെല്ലാം രണ്ടാംഘട്ടം വിവരണാത്മക പരീക്ഷയായിരിക്കും.
ഒന്നാംഘട്ടം ഇങ്ങനെ
ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി., പോലീസ് സര്‍വീസ്, അസിസ്റ്റന്റ്, കെ.എ.എസ്. എന്നിവയ്ക്കും സമാന തസ്തികകള്‍ക്കുമാണ് രണ്ട് ഘട്ട പരീക്ഷകള്‍ പ്രധാനമായി നടത്തുക. വന്‍തോതിലുള്ള അപേക്ഷകരില്‍നിന്ന് നിശ്ചിത ശതമാനം പേരെ ഒഴിവാക്കാനുള്ളതായിരിക്കും ആദ്യ ഘട്ടം. ഒബ്ജക്ടീവ് രീതിയിലുള്ള ഒ.എം.ആര്‍. പരീക്ഷയാണ് ഇതിന് നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള രീതിയില്‍തന്നെയാവും ഈ പരീക്ഷ. പൊതുവിജ്ഞാനത്തിനായിരിക്കും പ്രാമുഖ്യം എന്ന് കരുതുന്നു. ഒഴിവുകളുടെ എണ്ണം, സംവരണം എന്നിവ പരിഗണിച്ച് ഒരു ഏകീകൃത പട്ടികയായിരിക്കും ഒന്നാംഘട്ട പരീക്ഷയിലൂടെ തയ്യാറാക്കുക.
രണ്ടാംഘട്ടം യഥാര്‍ഥ കടമ്പ
ഒന്നാംഘട്ട പരീക്ഷയില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് രണ്ടാം ഘട്ട പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. എസ്.എസ്.എല്‍.സി., പ്ലസ്ടു യോഗ്യതയുള്ള തസ്തികകള്‍ക്ക് രണ്ടാം ഘട്ടത്തിലും ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ഒന്നാം ഘട്ടത്തിലെ സിലബസില്‍നിന്ന് വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും ചോദ്യ നിലവാരത്തില്‍ കാര്യമായ വ്യത്യാസം ഈ ഘട്ടത്തിലുണ്ടാവുമെന്നുറപ്പാണ്. പ്രായോഗികതയിലൂന്നിയുള്ളതാവും ചോദ്യങ്ങള്‍ കൂടുതലും. തസ്തികയ്ക്ക് ആവശ്യമായ അറിവും ഈ ഘട്ടത്തില്‍ വിലയിരുത്തപ്പെടും.
ആര്‍ക്കൊക്കെ?
ബിരുദം യോഗ്യതയായി നിശ്ചയിക്കപ്പെട്ട തസ്തികകള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വിവരണാത്മക പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അസിസ്റ്റന്റ്, കെ.എ.എസ്., ബി.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകള്‍ക്കെല്ലാം രണ്ടാംഘട്ടത്തില്‍ വിവരണാത്മക പരീക്ഷായായിരിക്കും. പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങള്‍ എന്നിവയിലൂന്നിയാവും ചോദ്യങ്ങളധികവും. തസ്തികയ്ക്ക് ആവശ്യമായ അറിവും ചോദ്യങ്ങളിലൂടെ പരിശോധിക്കപ്പെടും.
പഠനം എങ്ങനെയാവണം?
ചോദ്യ നിലവാരം ഉയര്‍ത്തല്‍ തന്നെയാണ് പരീക്ഷാ പരിഷ്‌കരണത്തിലൂടെ പി.എസ്.സി. യുടെ ആത്യന്തിക ലക്ഷ്യം. ഗൈഡുകള്‍ കാണാപ്പാഠം പഠിച്ച് ജയിക്കാവുന്നതാണ് ഇന്നത്തെ പരീക്ഷയെന്ന് വളരെക്കാലമായി ആക്ഷേപമുയരുന്നുണ്ട്. മാത്രമല്ല ചെറിയൊരു ശതമാനമെങ്കിലും തസ്തികയ്ക്ക് പറ്റാത്തവര്‍ നിലവിലുള്ള രീതിയിലൂടെ സര്‍വീസിലെത്തുന്നു എന്ന വിമര്‍ശനവുമുണ്ട്.
പരീക്ഷാ പരിഷ്‌കരണത്തിന് പിന്നിലെ ലക്ഷ്യം തിരിച്ചറിഞ്ഞുതന്നെയാവണം പഠനം ആസൂത്രണം ചെയ്യാന്‍. അറിവിനെ പ്രായോഗികതയുമായി ബന്ധിപ്പിക്കുന്ന പഠനരീതിയിലേക്ക് മാറുകയാണ് വേണ്ടത്. ഇപ്പോള്‍ ഇരുപത് ശതമാനത്തില്‍ താഴെമാത്രം വരുന്ന ഇത്തരം ചോദ്യങ്ങള്‍ ഇനി ചോദ്യപ്പേപ്പറില്‍ ഭൂരിപക്ഷമാവുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് രണ്ടാംഘട്ട പരീക്ഷയില്‍. പൊതുവിജ്ഞാനങ്ങളെല്ലാം നമ്മുടെ നിത്യജീവിതവുമായി ബന്ധിപ്പിച്ച് പഠിച്ചുറപ്പിക്കേണ്ടിയിരിക്കുന്നു. സൂക്ഷ്മമായ നിരീക്ഷണം, പൊതുവായ കാര്യങ്ങളിലുള്ള അറിവ്, ഓരോ വിഷയത്തിലും ആഴത്തിലുള്ള പഠനം എന്നിവ ഇനി അനിവാര്യമാവും.
പരീക്ഷയില്‍ ജയിക്കാന്‍
ഭാഷ നന്നായി കൈകാര്യം ചെയ്യുക എന്നതായിരിക്കും വിവരണാത്മക പരീക്ഷയില്‍ മുന്‍തൂക്കം ലഭിക്കാനുള്ള ആദ്യവഴി. നിര്‍ദിഷ്ട വാക്ക്പരിധിക്കുള്ളില്‍ ഒതുക്കി ഉത്തരങ്ങളെഴുതാനും പരിശീലിക്കണം. കാര്യങ്ങള്‍ സംക്ഷിപ്തമായും വസ്തുതാ പ്രധാനമായും എഴുതണം. നിരീക്ഷണങ്ങളേക്കാളും വിലയിരുത്തലുകളേക്കാളും പരിഗണന ചോദ്യ വസ്തുവിലുള്ള അറിവിനു തന്നെയായിരിക്കുമെന്നോര്‍ക്കുക.
എല്ലാംതികഞ്ഞതല്ല ഈ പരിഷ്‌കാരവും
മൂല്യനിര്‍ണയത്തില്‍ ആക്ഷേപങ്ങള്‍ക്കിടയാക്കുമെന്നതാണ് വിവരണാത്മക പരീക്ഷയുടെ പ്രധാന ന്യൂനത. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ രണ്ട് ഘട്ട പരീക്ഷ നടത്തുന്ന ഏതാണ്ടെല്ലാ തസ്തികകള്‍ക്കും രണ്ടാംഘട്ടവും ഒബ്ജക്ടീവായാണ് നടത്തുന്നത്. ഭാഷാ പരിജ്ഞാനമളക്കേണ്ട തസ്തികകള്‍ക്കു മാത്രമാണ് രണ്ടാംഘട്ടം വിവരണാത്മകമാക്കിയിട്ടുള്ളത്. യു.ജി.സി. നെറ്റ് പരീക്ഷയുടെ മൂന്നാം പേപ്പര്‍ നേരത്തെ വിവരണാത്മകമായിരുന്നു.
മാര്‍ക്കിങ്ങിലെ അന്തരവുമായി ബന്ധപ്പെട്ട് നിരന്തരം പരാതി ഉയര്‍ന്നതോടെ 2012 മുതല്‍ ഇത് ഒബ്ജക്ടീവ് രീതിയിലേക്ക് മാറിയിരുന്നു. യു.പി.എസ്.സി. യുടെ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയാണ് ഇപ്പോള്‍ വിവരണാത്മക രീതിയില്‍ നടക്കുന്ന പ്രധാന പരീക്ഷകളിലൊന്ന്. ഇത് സംബന്ധിച്ചും ഒട്ടേറെ ആക്ഷേപങ്ങളുയരുന്നതിനിടെയാണ് കേരളാ പി.എസ്.സി. കുറ്റമറ്റരീതിയായി വിവരണാത്മക പരീക്ഷയെ ആശ്രയിക്കുന്നത്.
No comments:
Post a Comment